Monday, September 8, 2008

വാസ്തവത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?


മുസ്‌ലിം സമൂഹത്തിലെ കുഞ്ഞുങ്ങള്‍ സ്വന്തം മാതൃഭാഷ പഠിക്കുന്നതിനു മുമ്പ് മറ്റ് രാജ്യത്തിന്‍റെ ഭാഷയാണല്ലോ, പഠിക്കുന്നത്? ''ഖുര്‍ ആന്‍'' രചിക്കപ്പെട്ടത്‌ അറബിക്കില്‍ ആയതിനാല്‍, അറബ് ലോകത്തിന് പുറത്തുള്ള മുസ്‌ലിം ജനതയില്‍ വലിയൊരു വിഭാ‍ഗം, അറബി തങ്ങളുടെ ആത്മഭാഷയാണെന്ന് കരുതുന്നുണ്ട്. മറ്റേതെങ്കിലും ഒരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ''ഖുര്‍ ആന്‍റെ'' പുണ്യം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നവര്‍ പോലുമുണ്ട്. അതെന്തെങ്കിലുമാകട്ടെ.
മൊല്ലാക്കയുടെ മര്‍ദ്ദനം പേടിച്ച്, മുലപ്പാലിന്‍റെ മണം മാറും മുമ്പ് കുട്ടികള്‍ സ്വായത്തമാക്കുന്ന ഈ ഭാഷ ''ഖുര്‍ ആന്‍'' പരായണത്തിലുപരി മറ്റെന്തിനെങ്കിലും പ്രയോജനപ്പെടുമെന്ന് തോന്നുന്നില്ല. അതായത് , ഈ കുട്ടികള്‍ക്ക് ഭാവിയില്‍ ഒരു ഷോപ്പിങ്ങ് മാളോ, ഒരാശുപത്രിയോ തുടങ്ങാനായി ഗള്‍ഫില്‍ ചെന്ന് ''പണി''യെടുത്ത് ''പണം'' വാരാന്‍ ഈ അറബി മതിയാകില്ലെന്ന് സാരം. പ്രശ്നം അതുമല്ല. ( വാസ്തവത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?)
മുസ്‌ലിം കുട്ടികളുടെ ആദ്യത്തെ ഈ പഠനശാലകളില്‍, ഈ കുട്ടികളെ ശരിയായ പൗരനായി വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായ ചിന്തകളുള്ള അദ്ധ്യാപകര്‍ ഉണ്ടായിരിക്കണം എന്നോ, മലയാളികളായ ഈ ഗുരുക്കന്‍മാര്‍ക്ക് അത്യാവശ്യം മാതൃ ഭാഷാ പരിജ്ഞാനം, ഉച്ചാരണ ശുദ്ധി എന്നിവ ഉചിതമാണെന്നോ ഒന്നും പറഞ്ഞു വശാവുകയല്ല. സത്യമായും ഇത് മൂടിയടച്ചൊരു ആക്ഷേപമല്ല. തീരെ തുറക്കാന്‍ കിട്ടാത്ത ഒരു മൂടിയാണെന്ന് കരുതിയാല്‍ മതി.
പഠനം കഴിഞ്ഞ് ഇറങ്ങുന്ന ഇളം തലമുറ മയ, പുയ, വയി, പസ, മാസ്, എന്നിങ്ങനെ ഒരുപാട് പുത്തന്‍ പദപ്രയോഗത്താല്‍ മലയാളിയെ പരിഹസിക്കുക പതിവാണ്.
ഇനിയുള്ള കാലത്തെങ്കിലും ഇളം തലമുറയുടെ ഴ - യും, ശ - യും, ഷ - യും ഒക്കെ ചീയാതെ കിട്ടിയാല്‍ ഭാഗ്യം. എന്നുവെച്ചാല്‍ '' അസര്‍പ്പ്വല്ലേ ഈ ബെസര്‍ക്കണ് ?'' എന്നത് '' അഷറഫ് അല്ലെ ഈ വിയര്‍ക്കുന്നത് ?'' എന്ന് മാറ്റി ഉരുവിട്ട് പഠിച്ചാല്‍ പെരുത്ത് ഖയ്റ്...

( മാതൃഭൂമി ആഴ്ചപ്പതിപ്പ് / 2007 ആഗസ്റ്റ്. )

20 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല ചിന്ത...
യഥാ രാജാ തഥാ പ്രജ എന്നതു പോലെ
യഥാ ഗുരു തഥാ ശിഷ്യ എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാണ്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല ചിന്തകളാണ്. എല്ലാ പോസ്റ്റും ഇഷ്ടമായി.

ആശംസകള്‍.

(please remove the word verification)

ഷാനവാസ് കൊനാരത്ത് said...

കിച്ചു ചിന്നുമാര്‍ക്കും, രാമചന്ദ്രനും ഒരുപാട് നന്ദി. ഇനിയും വരണം.

Anonymous said...

ninte prashnam enthaaanennu manassilaayi

nee jaabbaar maashinu padikkukayaano saanavaasseeee

ഷാനവാസ് കൊനാരത്ത് said...

( ഇത് അനോണിക്കാക്ക് )
കാക്കയുടെ കൂട്ടില്‍ കല്ലെറിഞ്ഞപോലെ ആയല്ലോ അസര്‍പ്പ്വോ? ഇജ്ജ്‌ ബാല്ലാണ്ടേ ബെസര്‍ക്കണ്ണ്ടല്ലാ.... കാ കാ കാ ... കാക്കാ കാക്കാ കാക്കാ...

ചിന്തകന്‍ said...

പ്രിയ ഷാനവാസ്

താങ്കളുടെ ചില നിരീക്ഷണങ്ങള്‍ ശരിയാണ്. മാതൃഭാഷാ പഠനത്തില്‍ മുസ്ലീങ്ങള്‍ അല്പം പിന്നോക്കമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അത്പം മെച്ചപ്പെട്ടിട്ടുണ്ട്.

മുസ്ലീങ്ങള്‍ പലതു കൊണ്ടും പിന്നോക്കവസ്തയിലേക്ക് എടുത്തെറിയപ്പെട്ടതിന് ചരിത്രപരമായ ചിലകാരണങ്ങളുണ്ട്. വിദ്യാഭ്യാസം ലഭിച്ച മുസ്ലീങ്ങളില്‍ തന്നെ ചിലര്‍ യഥാര്‍ഥത്തില്‍ ഇസ് ലാ‍മെന്തെന്ന് മനസ്സിലാക്കിയിട്ടില്ല. അല്ലാത്തവരുടെ കാര്യം പറയാതിരിക്കലാണ് നല്ലത്. സമൂഹത്തിന്റെ പിന്നോക്കാവസ്തയിലുള്ള അപകര്‍ഷതാ ബോധം കാരണം സമൂഹത്തെയോ ഇസ് ലാമിനെ തന്നെയോ തള്ളിപറയാന്‍ ചില അഭ്യസ്ത വിദ്യര്‍ തന്നെ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു.

യഥാര്‍ഥത്തില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത് സമുദായത്തെ ബോധവത്ക്കരിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അതിനു പകരം അവര്‍ സമുദായത്തിന്റെ എതിരാളികളുടെ കയ്യിലെ കളിപ്പാവകളാവുകയാണുണ്ടായത്. ഈ അവസ്ത കൂടുതല്‍ പരിതാപകരമാണ്.

മദ്രസാ പഠനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആത്മീയം ഭൌതികം എന്ന തരം തിരിവില്‍ നാം വിദ്യാഭ്യാസത്തെ കാണേണ്ടതില്ല. എല്ലാം അറിവാണ്. അറിവ് വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അതിനാല്‍ നഷ്ടപ്പെട്ടു പോയ ഒരു വസ്തു തിരിച്ചെടുക്കാനുള്ള പരിശ്രമത്തെ പോലെ, അറിവ് ആര്‍ജ്ജിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

അറബി ഭാഷ പഠിക്കുന്നതും അറിവ് തന്നെയാണ്. ലോകത്തുള്ള എല്ലാ മുസ് ലീങ്ങളുടെയും ആരാധനാ കര്‍മ്മങ്ങള്‍ ഏകതാ രൂപത്തിലുള്ളതാണ്. അതെല്ലാവരും അനുവര്‍ത്തിക്കുന്നത് അറബിഭാഷയിലൂടെയാണ്. അതിനാല്‍ തന്നെ അറബി ഭാഷ അവര്‍ പഠിക്കുന്നത് ഗള്‍ഫില്‍ ഷോപിംഗ് മാളുകള്‍ തുടങ്ങാ‍നല്ല. മറിച്ച് അവരുടെ ആരാധനകള്‍ അറബിയില്‍ അനുഷ്ടിക്കേണ്ടത് കൊണ്ടും പിന്നെ താങ്കള്‍ പറഞ്ഞത് പോലെ ഖുര്‍ ആന്‍ പാരായണം ചെയ്യുന്നതിനും തന്നെയാണ്.

പിന്നെ അച്ചടി ഭാഷ അച്ചടിക്കാനുള്ളതാണ്. സംസാര ഭാഷ സംസാരിക്കാനുള്ളതും. രണ്ടിന്റെയും ധര്‍മ്മം ഒന്ന് തന്നെ. ആശയം വിനിമയം. വീട്ടില്‍ സംസാരിക്കുമ്പോഴും നാട്ടില്‍ സംസാരിക്കുമ്പോഴും മസില്‍ പിടിച്ച് അച്ചടി ഭാഷ തന്നെ സംസാരിക്കണമെന്നില്ല. ഔപചാരിക ഭാഷയും അനൌപചാരിക ഭാഷയും ആവാം; സന്ദര്‍ഭത്തിനനുസരിച്ചാവണമെന്ന് മാത്രം.

അനോണികള്‍ എന്നാല്‍ ആരുമാവാം. നേരിട്ട് കാര്യങ്ങള്‍ പറയാന്‍ ധൈര്യമില്ലാത്തവരാണ് അനോണികള്‍. അവര്‍ക്ക് പിന്നാലെ നാം വാളെടുക്കേണ്ടതുണ്ടോ?

Unknown said...

പ്രസക്തമായ ചിന്തയാണ്. പക്ഷൈ വാമൊഴിയെ നാം നിരാകരിക്കേണ്ടതില്ല. ഓരോ നാടിനും അവരവരുടേതായ വാമൊഴി വഴക്കമുണ്ടല്ലോ..

മദ്രസകളെ മൊത്തം നവീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മാതൃഭാഷക്കു കൂടി പ്രാധാന്യം നല്‍കുന്നത് മദ്രസക്കും മുസ്ലിമിനും നല്ലതേ വരുത്തൂ.
പരിശീലനം സിദ്ധിച്ച അധ്യാപകരെ മദ്രസകളില്‍ നിയമിക്കാനും ബന്ധപ്പെട്ടവര്‍ തയാറാകട്ടെ.

എല്ലായിടത്തും പരാജയപ്പെട്ടവരാണെന്ന് തോന്നുന്നു പലപ്പോഴും മദ്രസാധ്യാപകരാകുന്നത്.
നല്ല ശന്പളവും ആനൂകൂല്യങ്ങളും നല്‍കി കഴിവുറ്റവരെ അധ്യാപകരാക്കണം.

ഹാരിസ് said...

കേരളത്തിലെ മദ്രസകളില്‍ പഠിപ്പിക്കുന്നവരുടെ വിവരം വളരെ പരിതാപകരമാണ്.ഖുര്‍‌ആന്‍ ഒരു സമ്പൂര്‍ണ്ണ ജീവിതക്രമം എന്നു പറയുന്നത് ശരിയെങ്കില്‍ വര്‍‌ഷങ്ങളോളം അതു പഠിക്കുന്നവരില്‍ അതു തുലോം കാണാനില്ല.സ്കൂളില്‍ പഠിക്കാന്‍ മണ്ടൂസാണെങ്കില്‍ ഓനെ മുയ്ല്യാരാക്കിക്കൂടെ എന്ന് ഒരു ചൊല്ലുണ്ട്.
ശതമാനക്കണക്കിലൊതുങ്ങുന്ന ദാനശീലവും സ്വസമുദായക്കാരോട് മാത്രമുള്ള സഹോദര്യബോധവും മതത്തിനപ്പുറത്തേക്ക് പരക്കാത്ത മാനവികതയും സ്വതന്ത്ര ചിന്തക്കു വളക്കൂറില്ലാത്ത ആശയപരിസരവുമാണ് ഇത്തരം മണ്ടന്‍ മുസ്ല്യാക്കന്മാര്‍ നമ്മുടെ കുട്ടികള്‍ക്ക് പകരുന്നത്.

സമുദായത്തിന് ആരാണ് എതിരാളികള്‍..?
അതു ചില സ്ഥാപിത താല്‍‌പര്യക്കാര്‍ പറഞ്ഞുണ്ടാക്കിയ കെട്ടുകഥയാണ്. വിശാലമനസ്കനായ ഒരു മുസ്ലിമിന് ആരാണ് എതിര്..?നല്ല മുസ്ലിമിനോട് എടപെട്ടാല്‍ അവന്‍ നേര് വിട്ട് ഒന്നും ചെയ്യില്ലെന്ന് വിശ്വസിച്ചിരുന്ന ഒരു ജനതയുണ്ടായിരുന്ന നാടാണിത്.കാക്കാമാരോട് കച്ചോടം ചെയ്യാന്‍ ഉത്സാഹം കാണിച്ചിരുന്നു പണ്ടുള്ളവര്‍ എന്ന് ഉപ്പാപ്പ പറഞ്ഞറിവുണ്ട്.‍

നല്ല ഇസ്ലാമാവുന്നതിനോട് ചേര്‍ത്ത് നല്ല ഇന്ത്യക്കാരനും നല്ല മനുഷ്യാനുമാവാന്‍ ശ്രമിച്ചാല്‍ പിന്നെ നാട് നീളെ നടന്ന് പടക്കം പൊട്ടിക്കെണ്ട ഒരാവശ്യവുമില്ല.

മൌദൂദിയും മോദിയും ഹിറ്റ്ലറുമൊന്നും സാധാരണക്കാരന്റെ ഏറ്റവും വലിയ ആവിശ്യമായ മനസമാധാനത്തേക്കുറിച്ച് ചിന്തിക്കാന്‍ ജനിച്ചവരല്ല.

“ഒരു ദൈവപുത്രനും നിന്നെത്തുണക്കുവാന്‍ വരികില്ല,കാത്തിരിക്കേണ്ട..!
നീ മാത്രമേയുള്ളു നിന്റെ മുക്തിക്കു- നിന്‍ നീതിബോധം തന്നെ ശരണം”

ചിന്തകന്‍ said...


നല്ല ഇസ്ലാമാവുന്നതിനോട് ചേര്‍ത്ത് നല്ല ഇന്ത്യക്കാരനും നല്ല മനുഷ്യാനുമാവാന്‍ ശ്രമിച്ചാല്‍ പിന്നെ നാട് നീളെ നടന്ന് പടക്കം പൊട്ടിക്കെണ്ട ഒരാവശ്യവുമില്ല.

പ്രിയ ഹാരിസ്
നല്ല ഇസ് ലാമാവുക എന്നാൽ ബാക്കിയുള്ളതെല്ലാം ഓട്ടോമാറ്റിക്കാണ്. എന്ന് വെച്ചാൽ അതിൽ ഉൾചേർന്നിരിക്കുന്നു.

തറവാടി said...

ഒരു സം‌ശയം ,

നായനാര്‍

' ഓന്‍ ഞമ്മന്‍‌റ്റെ ആളാ '

എന്ന് പറയാന്‍ കാരണം അദ്ദേഹം മദ്രസ്സയില്‍ പോയതിനാലായിരുന്നോ?

ഉഗ്രന്‍ said...

ഞാന്‍‍ വിചാരിച്ചിരുന്നത് മലപ്പുറത്തെ എല്ലാവരും (മുസ്ലിങ്ങളും അല്ലാത്തവരും) "മയ പെയ്ത് വയിയെല്ലാം കൊയ കൊയ!" എന്നു പറയുന്നവര്‍ ആണെന്നാണ്‌. ആരെയും വിഷമിപ്പിക്കാന്‍ അല്ലാട്ടോ. ഒരിക്കല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഒരു പഞ്ജായത്ത് പ്രസിഡന്‍‌റ്റ് (പേരു കണ്ടപ്പോള്‍ ഹിന്ദു മത വിശ്വാസി ആണെന്നു തോന്നി) സംസാരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ കയറിയതാണ്‌.

മലപ്പുറം ഭാഷ, ത്രിശ്ശൂര്‍ ഭാഷ, തിരുവനന്തപുരം ഭാഷ ("രായമാണിക്യം" കണ്ടിരിക്കുമല്ലോ) എന്നിവയെല്ലാം മലയാളത്തിന്‍‌റ്റെ ഒരോ വകഭേദം ആണെന്ന് കരുതിയാല്‍ പോരേ? എല്ലാവരും അച്ചടി ഭാഷയില്‍ സംസാരിക്കുന്നത് നല്ലതു തന്നെ. പക്ഷെ അതിനു നമ്മള്‍ നിര്‍ബന്ധം പിടിക്കേണ്ടതുണ്ടോ?

പിന്നെ അറബിയുടെ കാര്യം! മലപ്പുറത്ത് മുസ്ലിങ്ങള്‍ ഭൂരിപക്ഷമായി എന്നതു കൊണ്ടാണോ അവിടത്തെ മലയാളം ഇങ്ങനെ ആയി പോയത്? ഒരു എര്‍ണാകുളത്തുകാരന്‍ മുസ്ലീമിന്‍‌റ്റെ സംശയം ആയി കരുതിയാല്‍ മതി. അപ്പോള്‍ തിരുവനന്തപുരത്ത് എന്താണാവോ കാര്യം?

സമയം ഉണ്ടെങ്കില്‍ എന്‍‌റ്റെ ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്കു വേണ്ടി എഴുതിയതാണെങ്കിലും ചില മുസ്ലിങ്ങള്‍ക്കും ഉപകാരപ്പെടും എന്നു തോന്നുന്നു. ഗള്‍ഫില്‍ പണിയെടുക്കാന്‍ മാത്രമല്ല മുസ്ലിങ്ങള്‍ക്ക് അറബി എന്നതും ചിലപ്പോള്‍ മനസ്സിലായേക്കും.
http://chinthiku.blogspot.com/2008/10/blog-post_13.html

:)

Rajeeve Chelanat said...
This comment has been removed by the author.
Rajeeve Chelanat said...

ഷാനവാസ്

ഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിക്കേണ്ടത് ആവശ്യം തന്നെയാണ്. എന്നാലും വാമൊഴികള്‍ക്ക് വൈവിദ്ധ്യം ഉണ്ടാകും ഏതു നാട്ടിലും. അതു തന്നെയാണ് ഭാഷയുടെ ജനകീയതയും. എഴുത്തിലും, എന്തിന്, ചിന്തയിലും വരെ ഈ ഡയലക്റ്റലിസം വരാം.


ഒരു ഭാഷയും ഒരു പ്രവാചകനും ഒരു ദൈവവും ഒരു വിശ്വാസവും ഒരു പുസ്തകവും മാത്രം ഉള്ളില്‍കൊണ്ടുനടക്കുന്ന നിയാസ്സിനെയും അനോണിയെപ്പോലെയുമുള്ളവരുടെ യാഥാസ്ഥിതിക ഭാഷയേക്കാള്‍ എന്തുകൊണ്ടും മഹത്തരമാണ് ഏതു വികൃതമായ ഭാഷയും. ഇത്തരം അല്‍പ്പബുദ്ധികളാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥശത്രുക്കള്‍. അവരെ തിരിച്ചറിയുക എന്നതുതന്നെയാണ് ഇന്നിന്റെ പ്രധാന ആവശ്യം.

ഇത്തരം പ്രസക്തമായ പോസ്റ്റുകളിലൂടെ ഇവര്‍ക്കെതിരെ ഇനിയും ആഞ്ഞടിക്കുക.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

എല്ലാ ഭാഷയും നല്ലതാണ്, ഒന്നും മറ്റൊന്നിനേക്കാളും മെച്ചപ്പെട്ടതോ മോശപ്പെട്ടതോ അല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ജനിച്ചനാള്‍ മുതല്‍ കേള്‍ക്കുകയും പറയുകയും എഴുതുകയും വായിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നതുകൊണ്ട് ഓരോരുത്തര്‍ക്കും മാതൃഭാഷയോട് അടുപ്പം തോന്നുന്നു എന്നു മാത്രം. തികച്ചും ആപേക്ഷികമാണത്.

ഭാഷയെ കന്യാചര്‍മ്മം പൊട്ടാത്തവളായും വിധവയായും ഒക്കെ കാണുന്നത് കടുത്ത മനോരോഗത്തിന്റെ ലക്ഷണമാണ്. ഒരു സ്റ്റൈലിനുവേണ്ടി ഉപയോഗിച്ചതാണെങ്കില്‍ ഞാന്‍ വിട്ടുകളയുന്നു.

പിന്നെ ദൈവസങ്കല്‍പ്പം. ദൈവം എന്നൊന്നുണ്ടെങ്കില്‍ അത്,മനുഷ്യനെപ്പോലെ ചിരിക്കുകയും കരയുകയും ദേഷ്യം വരുകയും പശ്ചാത്തപിക്കുകയും, സ്നേഹിക്കുകയും വെറുക്കുകയും, അധോവായു വിടുകയും, ഇടക്ക് ഒന്നോ രണ്ടോ വീശുകയും, മനസ്സ് മലീമസമാകാതിരിക്കാനും ജൈവചോദനകള്‍ നിവൃത്തിക്കാനുംവേണ്ടി ഭോഗിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും എന്ന് കരുതാനാണ് എനിക്കിഷ്ടം.

പിന്നെ, സത്യം തിരിച്ചറിയാനുള്ള ബാദ്ധ്യത മുഴുവന്‍ എനിക്ക് തന്നത് നന്നായി. സ്വയം ഒന്നും ചെയ്യാതെ കഴിഞ്ഞുവല്ലോ അല്ലേ. മിടുക്കാ...

Rajeeve Chelanat said...

നിയാസ്

ഇവിടെ ആരാണ് ചളി വാരിയെറിഞ്ഞത്? നമ്മള്‍ നമ്മുടെ അഭിപ്രായം പറയുന്നു. അത്രയല്ലേയുള്ളു? മെയിലിന്റെ സ്വകാര്യതയില്‍ ചളി വാരിയെറിഞ്ഞ് കളിക്കാന്‍ എനിക്കും താത്പര്യമില്ല. അതിന് ഒന്നുകില്‍ നമ്മള്‍ ശത്രുക്കളായിരിക്കണം, അല്ലെങ്കില്‍ വിഢികള്‍. താങ്കളുടെ വാദങ്ങള്‍ (മലയാള ഭാഷ കന്യകയാണെന്നും, അറബിഭാഷ മറ്റു ഭാഷകളേക്കാള്‍ കേമമാണെന്നുമുള്ള വാദങ്ങള്‍) ബാലിശമാണെന്നേ ഞാന്‍ പറഞ്ഞുള്ളു. ആ അഭീപ്രായം ഇപ്പോഴും നിലനില്‍ക്കുന്നു.

മറ്റ് പൂര്‍വ്വ വൈരാഗ്യങ്ങളൊന്നും നമുക്കിടയിലില്ല നിയാസ്. ഞാനും നിര്‍ത്തുന്നു. സമയക്കുറവിനാല്‍.

ഷാനവാസ്, അധികപ്രസംഗം അനുവദിച്ചതിനു നന്ദി.

അഭിവാദ്യങ്ങളോടെ

ഷാനവാസ് കൊനാരത്ത് said...

അക്ഷരഭംഗിയോടെ സംസാരിക്കുക എന്നത് ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ല. സ്ഫുടതയോടെ സംസാരിക്കുന്നതിനെ അച്ചടിഭാഷ എന്ന് പരിഹസിക്കേണ്ടതുമില്ല. ഓരോ പ്രദേശവും അതിന്‍റേതായഒരു ഭാഷ സംസാരിക്കുന്നുണ്ട്. ഒരു പ്രദേശത്ത്‌ കുറച്ചുനാള്‍ ഇടപഴകേണ്ടിവന്നാല്‍ അത് നമ്മിലും സ്വാധീനമുണ്ടാക്കാം. അതൊന്നും നിഷേധിക്കുകയല്ല.പക്ഷെ, മാതൃഭാഷ അക്ഷരഭംഗിയോടെ സംസാരിക്കുക എന്നത് ആസ്വാദ്യകരമായ ഒരു സൌന്ദര്യവും സംസ്കാരവുമാണ്‌. അത് കുട്ടികളില്‍ കൊളുത്തിവെക്കേണ്ടത് ഏതൊരു വിദ്യാഭ്യാസ രീതിയുടെയും നീതിയാണ്. കുറിപ്പുകൊണ്ട് അത്രയേ അര്‍ത്ഥമാക്കിയുള്ളൂ. അതിനോട് സമരസപ്പെടുകയും നീരസപ്പെടുകയും ചെയ്ത എല്ലാ പ്രിയചങ്ങാതിമാര്‍ക്കും നന്ദി.

ചിന്തകന്‍, മുന്നൂറാന്‍, ഹാരിസ്, നിയാസ്, തറവാടി, ഉഗ്രന്‍, രാജീവ്....നാട്ടിലേക്കുള്ള തിരിച്ചുവരവിന്‍റെ ആഹ്ലാദത്തിലും ആവേശത്തിലുമായിരുന്നു, ഇക്കഴിഞ്ഞ ദിവസങ്ങള്‍.അതാണ്‌ മറുകുറി താമസിച്ചത്. ക്ഷമിക്കുക.

Anonymous said...

പ്രിയ ഷാനവാസ്‌
താങ്കളുടെ അഭിപ്രായത്തോട് തുല്യ നിലയില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു ...
തീര്‍ ച്ചയായും നമ്മുടെ മാതൃ ഭാഷ മലയാളമാണ് .എന്നാല്‍ ചിലര്‍ പലപ്പോഴും മലയാളത്തെ അതല്ലാതാക്കി മറ്റുനുണ്ട് .മലയാളത്തെ പരമാവധി ഉച്ചാരണ ശുദ്ധിയോടെ നാം പ്രയോഗിക്കെണ്ടാതുണ്ട് എന്നാണ് എന്റെ അഭിപ്രായം .എന്നാല്‍ അല്‍പ സ്വല്പം പടഭേദങ്ങള്‍ ചില നാടുകളില്‍ ഉണ്ടായിരിക്കും .അതിനെ നാം വിമര്ഷിക്കെണ്ടാതുമില്ല .മറിച്ചു നാം വിമര്‍ശിക്കേണ്ടത്‌'' മലയാളത്തെ കൊരച്ചു കൊരച്ചു അരിയും'' എന്ന് പറയുന്ന നവ യാഥാസ്ഥിതികരെയം ചാനല്‍ സുന്ദരി മാരെയുമാണ് .എന്നാല്‍ താങ്കളുടെ വിമര്‍ശനത്തില്‍ അതുല്പെട്ടതുമില്ല .....
ശ്രീ ഷാനവാസ്‌ ,,,,,മതത്തെയും ഭാഷയേയും ബന്ധപെടുതിയുള്ള വാക്കുകള്‍ ശ്രദ്ധിച്ചു .രണ്ടക്ഷരം കൂട്ടി വായിക്കാനും എഴുതാനും അറിഞ്ഞാല്‍ പിന്നെ ഞാന്‍ ഞാനല്ല എന്ന ഭാവം അഥവാ വാളെടുത്തവനെല്ലാം വെളിച്ചപടാവുന്ന ഒരു സ്ഥിതി വിശേഷം മനുഷ്യരില്‍ പൊതുവെ ഉണ്ടാവാറുണ്ട് .അവരെ സംബന്ധിച്ചിടത്തോളം പിന്നീട് ശ്രധിക്കപെടാനുള്ള ഒരേ ഒരു മാര്‍ഗം സ്വന്തം പശ്ചാതലതെയും ,ഭൂമികയെയും ,വിശ്വാസത്തെയും തള്ളി പറയലാണ്. എന്നാല്‍ അത്തരമൊരു ലക്ഷ്യം താങ്കള്ക്ക് ഉണ്ടാവില്ല എന്ന് ഞാന്‍ കരുതി ക്കോട്ടെ....?
താങ്കള്‍ ജനിച്ച കോഴിക്കോടും ,പഠിച്ച തൃശൂരും മലയാളത്തിന്റെ നിരവധി വയ്മോഴികള്‍ നില നില്‍ക്കുന്നില്ലേ? തിരുവനന്തപുരം സ്വദേശി ''എന്തെരെടെ അപ്പീ '' എന്ന് പറയുന്നതിലും ഇംഗ്ലീഷും ,തമിഴും ,മലയാളവും ,സംസ്കൃതവും ഇട കലര്‍ത്തി സംസാരിക്കുന്ന ബ്രാഹ്മണന്റെയും , കോട്ടയം കാരന്‍ ''എന്നാ ഉണ്ടാട ഉവ്വേ'' എന്ന് പറയുന്നതിലും താങ്കള്‍ മതത്തിന്റെ പൊക്കിള്‍ കൊടി ബന്ധം കാണുനുണ്ടോ?ത്രിശുര്‍ുകാരന്‍'' എന്തൂട്ടട ശവീ ''എന്ന് ചോദിക്കുന്നതിലും മറ്റും മതത്തിന്റെ എന്തെങ്കിലും ബന്ധം താങ്കള്ക്ക് കാണാന്‍ കഴിഞ്ഞില്ലേ ?മുന്‍ മുഖ്യ മന്ത്രി നായനാര്‍ ''ഓന്‍ മറ്റ വന്റെ ആളാ '' എന്ന് പറയുന്നതില്‍ കമ്മുനിസതിന്റെ ന്യുനതകള്‍ താങ്കള്ക്ക് കാണാന്‍ കഴിയുന്നുണ്ടോ../?
ഏത് കാര്യവും വിമര്‍ശന അതീതമല്ല ...എന്നാല്‍ വിമര്‍ശം പരിഹാസതിലേക്ക് മാറാന്‍ പാടില്ല ..വിമര്‍ശനവും പരിഹാസവും രണ്ടാണ് എന്നതാണ് കാരണം.ആദ്യത്തേത് ഏത് പരിഷ്കൃത സമൂഹവും അംഗീകരിക്കുന്നു.രണ്ടാമത്തേത് ഏത് പ്രാകൃത സമൂഹവും നിരാകരിക്കുന്നു.

ഒരുപാടു നന്ദിയോടെ ,സ്നേഹത്തോടെ ..
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ
aadil.anzar@gmail.com
anzar.karunagapally@yahoo.in
my blog
http://anzar-thevalakkara.blogspot.com

Anonymous said...

പ്രിയ anonimas
ഷാനവാസ്‌ പറഞ്ഞതില്‍ വിയോജിപ്പ് ഉണ്ടാന്കില്‍ അത് തുറന്നു പറയുകയും അതിന് മറുപടി കൊടുക്കലുമാണ് മാന്യത . അല്ലാതെ jabbar മാഷ് എന്ന യുക്തി വാദി നേതാവിനെ ഇതിലേക്ക് വലിച്ചിഴക്കെണ്ടാതില്ല ,,,
''ഒരു ഭാഷയും ഒരു പ്രവാചകനും ഒരു ദൈവവും ഒരു വിശ്വാസവും ഒരു പുസ്തകവും മാത്രം ഉള്ളില്‍കൊണ്ടുനടക്കുന്ന നിയാസ്സിനെയും അനോണിയെപ്പോലെയുമുള്ളവരുടെ യാഥാസ്ഥിതിക ഭാഷയേക്കാള്‍ എന്തുകൊണ്ടും മഹത്തരമാണ് ഏതു വികൃതമായ ഭാഷയും.''

''പിന്നെ ദൈവസങ്കല്‍പ്പം. ദൈവം എന്നൊന്നുണ്ടെങ്കില്‍ അത്,മനുഷ്യനെപ്പോലെ ചിരിക്കുകയും കരയുകയും ദേഷ്യം വരുകയും പശ്ചാത്തപിക്കുകയും, സ്നേഹിക്കുകയും വെറുക്കുകയും, അധോവായു വിടുകയും, ഇടക്ക് ഒന്നോ രണ്ടോ വീശുകയും, മനസ്സ് മലീമസമാകാതിരിക്കാനും ജൈവചോദനകള്‍ നിവൃത്തിക്കാനുംവേണ്ടി ഭോഗിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും എന്ന് കരുതാനാണ് എനിക്കിഷ്ടം''
rajeev chelanet

പ്രിയ രാജീവ് ....
''ഒരു ഭാഷയും ഒരു പ്രവാചകനും ഒരു ദൈവവും ഒരു വിശ്വാസവും ഒരു പുസ്തകവും കൊണ്ടു നടക്കുന്നവര്‍ യാഥാസ്ഥിതികര്‍ ആണെന്ന താങ്കളുടെ കണ്ടു പിടുത്തം കൊള്ളാം .അങ്ങനെ എങ്കില്‍ ഒന്നാമതായും രണ്ടാമതായും മൂനാമതയും യാഥാസ്ഥിതകനാണ് ഈ യുള്ളവനും .ഒരര്‍ത്ഥത്തില്‍ താങ്കളും അത് തന്നെയാണ് .....കാരണം എല്ലാവര്ക്കും അവരുടെ ആദര്‍ശം വലുത് തന്നെയാണ് . ഒരു യുക്തി വാദി ആ ആദര്‍ശത്തില്‍ വിശ്വസിക്കുന്നത് ,ആ ആദര്‍ശം ശരി ആണെന്ന് കരുതുനത് കൊണ്ടാണ് .കമ്മ്യുണിസ്റ്റ് കാരന്‍ ,ഹിന്ദു ,ക്രിസ്തു മത വിശാസികള്‍ തുടങ്ങിയവര്‍ ആ ആദര്‍ശം ശരി എന്ന് വിശ്വസിക്കുന്നവര്‍ ആണ് ,അങ്ങനെ അല്ല എങ്കില്‍ ഒരു ഇസതിലും ഒരു മതത്തിലും ഒരു ആദര്‍ശത്തിലും വിശ്വസിക്കാതെ സ്വതന്ത്രന്‍ ആയി കഴിയുകയല്ലേ വേണ്ടത്.ഇസ്ലാം മതമാണ്‌ ശരി എന്ന് ഒരാള്‍ വിശ്വസിക്കുമ്പോള്‍ അയാള്‍ യാഥാസ്ഥിതികനും
അതെ 'തെറ്റ് ' താങ്കള്‍ ഉള്പെടെയുള്ളവര്‍ ചെയ്യുമ്പോള്‍ അത് പുരോഗമന വാദവും ആകുന്നതിന്റെ നീതി ശാസ്ത്രമാണ് മനസ്സിലാവാത്തത് .

പിന്നെ താങ്കളുടെ ഈശ്വരനെ കുറിച്ചുള്ള അഭിപ്രായം കണ്ടു. താങ്കളെ പോലുള്ള വരുടെ കഴിവും കഴിവ് കേടുകളും ഈശ്വരനും ഉണ്ടാകണമെന്ന താങ്കളുടെ നിര്‍ബന്ധ ബുദ്ധി ...അല്ലെങ്കില്‍ ഇഷ്ടം .. അത് സത്യത്തില്‍ അല്പം കടന്ന കയ്യായിപോയില്ലേ.
താങ്കള്‍ ഇചിക്കുന്ന പോലെയാണോ ഈ ശ്വരന്‍? സൃഷ്ടിയെ പോലെ യാവും സൃഷ്ടാവും എന്ന സന്കല്പങ്ങളും ഊഹന്ങളുമാണ് സത്യത്തില്‍ മനുഷ്യ രാശിയെ യഥാര്ത്ഥ ശ്രിഷ്ടാവില്‍ നിന്നകറ്റിയത്. അങ്ങനെ അവര്‍ രൂപങ്ങള്‍ ഉണ്ടാക്കുകയും അതിന് മുന്നില്‍ പ്രനമിക്കാനും തുടങ്ങി ..........ആ തെറ്റുകളെ ചൂണ്ടി ക്കാട്ടന്‍ ഈ ലോകത്തേക്ക് നിരവധി പ്രവാചകന്മാര്‍ കടന്നു വന്നു .എന്നാല്‍ അറിവ് കേടു കൊണ്ടും അഹങ്കാരം കൊണ്ടും അതിനെയൊന്നും അന്ഗീകരിക്കാന്‍ മനുഷ്യരില്‍ ഭൂരി പക്ഷവും തയാറല്ല എന്നതാണ് വസ്തുത.
ഈ വിഷയത്തില്‍ എന്റെ പരിമിതമായ അറിവ് താങ്കളുമായി പന്കുവക്കാന്‍ എനിക്ക് താല്പര്യമുണ്ട് ..ഞാന്‍ ഒരു ബ്ലോഗിന്റെ പണിപ്പുരയില്‍ ആണ്. താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ അത് സന്ദര്‍ശിക്കാവുന്നതാണ്.
നന്ദിയോടെ, സ്നേഹത്തോടെ
അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ
http://anzar-thevalakkara.blogspot.com

മഴക്കിളി said...

ഷാനവാസ്,
പ്രസക്തമായ ചിന്തയാണിത്...
വളരേ വൈകിയാണു വായിച്ചത്.....
ഇത്തരമൊരു ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതില്‍ തീര്‍ച്ചയായും താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു...

Unknown said...

ഷാനവാസ് പറഞ്ഞത് ഒരു യാഥാര്‍ത്ഥമാണ്. ഭാഷ എന്ന രീതിയിലുള്ള വിമര്‍ശനമല്ല ഷനവാസ് ഉദ്ദ്യേശിച്ചത് എന്നു തോന്നുന്നു,
സാംസ്കാരികമായി നാം അത്തരം സഭ്യമല്ലാത്ത “ശീല”ങ്ങളില്‍ പെട്ടുപോകുന്നു.
പ്രത്യേകിച്ച് ലോകവിജ്ഞാനമില്ലാത്ത മുസ്ല്ല്യാക്കള്‍ പലതും വിഡ്ഡിത്തമാണ് പഠിപ്പിക്കുന്നത്.